പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്നു, ക്രമസമാധാനനില തകര്‍ന്നു: ഉമ്മന്‍ ചാണ്ടി

പൊലീസും സിപിഎമ്മും ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പാര്‍ട്ടിക്കാരും പൊലീസും കോണ്‍ഗ്രസ് ഓഫീസുകളടക്കം അടിച്ചു തകര്‍ക്കുകയാണ്.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്തുവെന്നും കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ലാത്തിച്ചാര്‍ജില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് പരിക്കേറ്റു. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. പൊലീസിനെ കൂട്ടുപിടിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നരനായാട്ട്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി. വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ കല്ലുകള്‍ വലിച്ചെറിഞ്ഞെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. കന്റോണ്‍മെന്റ് ഹൗസിലേക്കുള്ള പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിത നീക്കമായിരുന്നെന്നും പ്രതിപക്ഷം ആരോപിച്ചു.

Read more

ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തടഞ്ഞതെന്നും വാര്‍ത്താക്കുറിപ്പിലൂടെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് മ്യൂസിയം പൊലീസും അറിയിച്ചിരുന്നു.