നാണംകെട്ട് ഇനിയും കൂടെ തുടരണമോ? മാണിയുടെ കടുംവെട്ടില്‍ പി. ജെ ജോസഫിനെ കുത്തി കോടിയേരി

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക സീറ്റിലേക്ക് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനെ പരിഗണിക്കാതെ മുന്‍ എംഎല്‍എ തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ജോസഫിനെ കുത്തി കോടിയേരി. നാണം കെട്ട് ഇനിയും കെ എം മാണിയുടെ കൂടെ തുടരണമോ എന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നീലേശ്വരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴ പെയ്യും മുമ്പ് കുട പിടിക്കേണ്ട ആവശ്യമില്ല. പി ജെ ജോസഫ് യു.ഡി.എഫിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അപമാനം സഹിച്ച് മുന്നണിയില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫാണെന്നും കോടിയേരി പറഞ്ഞു. പി. ജെ ജോസഫ് യു.ഡി.എഫ് വിട്ടു വന്നാല്‍ എന്തു വേണമെന്ന് അപ്പോള്‍ ആലോചിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാത്രി ഒമ്പതോടെ മീഡിയ കോര്‍ഡിനേറ്റര്‍ വഴി വാര്‍ത്താക്കുറിപ്പിറക്കിയാണ് ജോസഫിനെ ഒഴിവാക്കി ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചത്. ഇതോടെയാണ് ജോസഫും മാണിയും തമ്മിലുള്ള അസ്വാരസ്യം പുകയാന്‍ തുടങ്ങിയത്. തൊടുപുഴയിലെ വീട്ടില്‍ ജോസഫ് അടിയന്തരയോഗം ചേര്‍ന്നു.

കോട്ടയം സീറ്റിലേക്ക് തന്നെ പരിഗണിക്കാതിരുന്നതില്‍ കടുത്ത അമര്‍ഷമെന്ന് പി ജെ ജോസഫ് പറഞ്ഞു. എന്റെ അഭിപ്രായം കേട്ടില്ല. യുഡിഎഫ് നേതാക്കളുമായി ആലോചിച്ച ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കും. മാണി തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷ. രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയപ്പോള്‍ സ്വാഭാവികമായും അടുത്ത ഊഴം ലഭിക്കാന്‍ എന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് അര്‍ഹതയുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാന പ്രകാരമല്ല, കോട്ടയം ജില്ലയിലെ നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് എന്നെ തഴഞ്ഞത്. ജില്ല മാറി മത്സരിക്കരുതെന്ന മാനദണ്ഡം എനിക്കു മാത്രം ബാധകമാക്കിയതും അംഗീകരിക്കില്ലെന്നും ജോസഫ് പറഞ്ഞിരുന്നു.