'പട്ടി എല്ലായിടത്തും പട്ടി തന്നെ' സുധാകരന് മുഖ്യമന്ത്രിയുടെ കിടിലന്‍ മറുപടി

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ‘ചങ്ങല പൊട്ടിയ നായ’ പരാമര്‍ശത്തിന് പിണറായി വിജയന്റെ മറുപടി. നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകന്റെ വിശദീകരണം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്റെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെയന്നും വ്യക്തമാക്കി. മലബാറിലും തിരുവിതാംകൂറിലും പട്ടിയില്‍ വ്യത്യാസമൊന്നുമില്ലെന്നും എല്ലായിടത്തും പട്ടി പട്ടി തന്നെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനും തനിക്കും താത്പര്യമില്ലെന്നും മുഖ്യമന്ത്രി ഇതോടൊപ്പം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ വികസന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രി പറഞ്ഞത്്്

‘മലബാറിലും തിരുവിതാംകൂറിലും പട്ടിയില്‍ വ്യത്യാസമൊന്നുമില്ല, എല്ലായിടത്തും പട്ടി പട്ടി തന്നെ, ചങ്ങല ചങ്ങലയും തന്നെയാണ്. സുധാകരന്റെ പ്രസ്താവനയിലെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെ. പട്ടിയും നാട്ടുഭാഷയും തമ്മില്‍ ഒരു ബന്ധവുമില്ല. എല്ലായിടത്തും പട്ടി എന്ന് പറഞ്ഞാല്‍ ഒരേ അര്‍ത്ഥം തന്നെയാണ്. അതിലെ പ്രയോഗം ഓരോരുത്തരുടെയും സംസ്‌കാരമാണ് കാണിക്കുന്നത്. അതിന്റെ പിന്നാലെ കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് താത്പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരമാകും പൊലീസ് കേസെടുത്തത്. എന്തായാലും സര്‍ക്കാരിന് അതില്‍ താത്പര്യമൊന്നുമില്ല’. വ്യക്തിപരമായ ആക്ഷേപം സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന് എന്തെങ്കിലും വിഷമം കാണുമായിരിക്കും എന്നായിരുന്നു പിണറായിയുടെ മറുപടി.