രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍; വിനാശത്തിന്റെ വാര്‍ഷികമെന്ന് കോണ്‍ഗ്രസ്, 1300 കേന്ദ്രങ്ങളില്‍ യു.ഡി.എഫ് ധര്‍ണ

രണ്ടാം പിണറായി് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് ഒരുവര്‍ഷം. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ 2 ന് ജനസമക്ഷം അവതരിപ്പിക്കും.

അതേസമയം, ഇന്ന്് വിനാശത്തിന്റെ വാര്‍ഷികമായി ആചരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ ആറ് വരെ ധര്‍ണ നടത്തും. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും.

നാല്പത് വര്‍ഷത്തിനിടയില്‍ തുടര്‍ഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവര്‍ഷം മേയ് 20ന് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. വിടാതെ പിന്തുടര്‍ന്ന വിവാദങ്ങളെയും ഒപ്പം കൂട്ടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അതിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്നത്.

ഇതിനിടയിലും ഒന്നാം വാര്‍ഷികത്തിന് 17000 കോടിയുടെ 1557 നൂറുദിന കര്‍മ്മപരിപാടികളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. ലൈഫ്ഭവനപദ്ധതിയും പട്ടയവിതരണവുമെല്ലാം നേട്ടമായാണ് ഉയര്‍ത്തിക്കാട്ടുന്നത്. തുടര്‍ഭരണത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യ പരീക്ഷണമാവുന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആണ്.