പി.സി ജോര്‍ജിന്റെ വര്‍ഗീയ പ്രസംഗം; 'കൈകൂപ്പി' മകന്‍ ഷോണ്‍ ജോര്‍ജ്

മുസ്ലിം സമുദായത്തിനെതിരെയുള്ള മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വര്‍ഗീയ പ്രംസഗത്തിന് എതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്‍രെ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കൈകൂപ്പി നില്‍ക്കുന്ന ഒരു ഇമോജിയാണ് ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിതാവായ പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ മനം മടുത്താണോ ഇത്തരമൊരു പ്രതികരണം എന്നാണ് ഊ പോസ്റ്റ് കാണുന്നവരില്‍ പലരും ചോദിക്കുന്നത്. പിസി ജോര്‍ജിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനും വ്യക്തമാക്കിയിരുന്നു. പിസിയുടെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് സഹോദരപുത്രനായ വിയാനി ചാര്‍ളി മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

പൊതുവേദികളില്‍ വര്‍ഗീയത പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പി.സി.ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംഎല്‍എയും വി.ടി.ബല്‍റാമും രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജ് വര്‍ഗീയതയുടെ സന്തത സഹചാരിയും കേരളത്തിലെ നമ്പര്‍ വണ്‍ വര്‍ഗീയവാദിയാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ സാമൂഹിക സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പി സി ജോര്‍ജ്. പൊലീസിന്റെയും സര്‍ക്കാരിന്റെയും മൃദു സമീപനമാണ് അദ്ദേഹത്തെ് പ്രോത്സാഹിപ്പിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ പൊലീസിന് എന്താണ് തടസ്സമെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു വി ടി ബല്‍റാം പ്രതികരിച്ചത്.