ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോര്‍ജ്ജ് വ്യാഴാഴ്ച രാവിലെ ഹൈക്കോടതിയെ സമീപിക്കും

 

 

 

വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോര്‍ജ് വ്യാഴാഴ്ച രാവിലെ തന്നെ ഹൈക്കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് പി സി ജോര്‍ജ് ഹര്‍ജി നല്‍കുക. ജാമ്യവ്യവസ്ഥകളുടെ ലംഘനം എന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ തിരുവനന്തപുരത്തെ കോടതിയില്‍ നല്‍കിയാണ് പ്രോസിക്യൂഷന്‍ തന്റെ ജാമ്യം റദ്ദാക്കിയതെന്ന വാദമായിരിക്കും ജോര്‍ജ്ജിന്റെ അഭിഭാഷകര്‍ ഉന്നയിക്കുക.

ജാമ്യം റദ്ദാക്കിയ തിരുവനന്തപുരത്തെ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും. നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെടും. വെണ്ണല പ്രസംഗക്കേസില്‍ പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതില്‍ ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ കേസില്‍ പി സി ജോര്‍ജ് ഹാജരായെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും കോടതിയുത്തരവനുസരിച്ച് ജാമ്യം നല്‍കിയെന്നും പ്രോസിക്യൂഷന്‍ അറിയിക്കും