സാമൂഹിക പ്രവർത്തക പത്മശ്രീ കെവി റാബിയ വിടവാങ്ങി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാക്ഷരതാ പ്രവർത്തകയുമാണ് കെവി റാബിയ. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് 2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നൽകി ആദരിച്ചത്. 2014ൽ സംസ്ഥാന സർക്കാരിന്റെ ‘വനിതാരത്നം’ അവാർഡ് നേടിയിരുന്നു.
ശാരീരിക പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 1966 ഫെബ്രുവരി 25നായിരുന്നു ജനനം. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നുപോയത്. പിന്നീട് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി സാമൂഹിക വിദ്യാഭ്യസ രംഗത്തേക്ക് കടന്നു. സമ്പൂർണ സാക്ഷരതാ യജ്‌ഞമാണ് റാബിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
2000ൽ അർബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38-ാം വയസിൽ കുളിമുറിയുടെ തറയിൽ തെന്നിവീണ് നട്ടെല്ല് തകർന്നു. കഴുത്തിനു താഴെ ഭാഗികമായി തളർന്ന നിലയിലായിരുന്നു. അസഹനീയ വേദനയിൽ കിടക്കുമ്പോഴും റാബിയ കളർ പെൻസിൽ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളിൽ തൻ്റെ ഓർമകൾ എഴുതാൻ തുടങ്ങി. ഒടുവിൽ ‘നിശബ്ദദ നൊമ്പരങ്ങൾ’ പുസ്തകം പൂർത്തിയാക്കി. ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്നാണ് റാബിയയുടെ ആത്മകഥയുടെ പേര്.
Read more
ഇത് ഉൾപ്പെടെ നാലു പുസ്‌തകം എഴുതിയിട്ടുണ്ട്. പുസ്‌കത്തിൽ നിന്നുള്ള റോയൽറ്റിയാണ് ചികിത്സച്ചെലവുകൾക്ക് ഉപയോഗിച്ചിരുന്നത്. നാഷണൽ യൂത്ത് അവാർഡ്, സംസ്‌ഥാന സാക്ഷരതാ മിഷൻ അവാർഡ്, യുഎൻ ഇൻ്റർനാഷണൽ അവാർഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം, അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.







