'ആന കരിമ്പിൻ കാട്ടിൽ കയറി' എന്നതിന് പകരം 'ശിവൻ കുട്ടി നിയമസഭയിൽ കേറി'യത് പോലെ എന്നാണ് ഇപ്പോൾ ഉപയോഗിക്കുന്നത്: പി ടി തോമസ്

ആന കരിമ്പിൻ കാട്ടിൽ കയറി” എന്ന പ്രയോഗം ഇന്ന് കേരളീയർ ഉപയോഗിക്കുന്നത് “ശിവൻ കുട്ടി നിയമസഭയിൽ കേറി”യത് പോലെ എന്നാണെന്ന് നിയമസഭയിൽ പി.ടി തോമസ് എം.എൽ.എ. പൊതുമുതല്‍ നശിപ്പിച്ച വിദ്യാഭാസ മന്ത്രി ശിവൻകുട്ടിക്ക്‌ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയില്ലെന്നും പി.ടി തോമസ് പറഞ്ഞു.

ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെയാണ് ശിവന്‍കുട്ടി അന്ന് സ്പീക്കറുടെ ചേംബറില്‍ കയറിയത്. ശിവന്‍കുട്ടി ഉറഞ്ഞുതുള്ളിയ രംഗം വിക്ടേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു കാണാം. കഠാര ഊരിപ്പിടിച്ച് മുണ്ടു മടക്കിക്കുത്തി വരുന്ന സത്യന്‍ കഥാപാത്രത്തെപ്പോലെയാണ് ശിവന്‍കുട്ടി സഭയിൽ പെരുമാറിയത്. അങ്ങനെയുള്ള വിദ്യാഭ്യാസമന്ത്രിക്കു കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മാതൃകാ പുരുഷന്‍ ആകാന്‍ സാധിക്കുമോ.

ഈ കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന സർക്കാരിന്റെ അപേക്ഷ കേട്ടപ്പോൾ തോന്നിയത്, മാതാപിതാക്കളെ കൊന്നതിനു വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകനോട്, അന്തിമ അഭിലാഷം എന്തെങ്കിലും ഉണ്ടോയെന്നു കോടതി ചോദിച്ചപ്പോൾ, മാതാപിതാക്കൾ ഇല്ലാത്ത തന്നെ വെറുതെവിടണമെന്ന് പറഞ്ഞത് പോലെയാണ് സർക്കാർ കോടതികളിൽ നിലപാട് എടുത്തത്.

ഇന്ന് നിയമസഭയിൽ ഞാൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസിൽ മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് പ്രതികളെന്നു സംശയിച്ചു പോകും.ഒരു നിമിഷം വൈകാതെ മന്ത്രിയെ പിടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാട്ടണം.സുപ്രീം കോടതി വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ.എം.മാണിയുടെ ആത്മാവായിരിക്കുമെന്നും മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിൽ പി.ടി തോമസ് പറഞ്ഞു.