കളമശ്ശേരി മണ്ണിടിച്ചില്‍ ; സുരക്ഷാവീഴ്ച്ചയെങ്കില്‍ കര്‍ശന നടപടി: മന്ത്രി പി. രാജീവ്

 

കളമശ്ശേരിയില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നിര്‍മ്മാണത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. പിഴവ് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മരിച്ച ഫൈജുല്‍ , കൂദ്ദൂസ് , നൗജേഷ് , നൂറാമിന്‍ എന്നീ അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. അവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 7 തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയതെന്നാണ് വിവരം. ഒരാള്‍ കൂടി കുടുങ്ങിയെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്.

രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും എന്നാല്‍ അവസാനം എത്തിച്ചവരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും നേരത്തെ ആശുപത്രി അഥികൃതര്‍ സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാന്‍ കഴിയാതെ പോയത്.

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട എല്ലാവരും. അഞ്ച് പേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കൂടുതല്‍ പേര്‍ കുടുങ്ങിയതായി അഭ്യൂഹം ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.