സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച  47 പേര്‍ അറസ്റ്റില്‍

സൈബര്‍ ഡോം നടത്തിയ റെയ്ഡില്‍ സംസ്ഥാനത്തെ ഐടി വിദഗ്ധരായ യുവാക്കളടക്കം 47 പേര്‍ അറസ്റ്റിൽ. ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാലാണ് നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവ ഉള്‍പ്പെടെ 143 ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

മലപ്പുറത്താണ് 15 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

കട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ് നടന്നത്. എല്ലാ ജില്ലകളിലുമായി 110 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ആറ് വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Read more

image courtesy: Abdul Shafiq