പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെ ശക്തമായ ഉയര്‍ന്ന പ്രതിഷേധവും ഹൈക്കോടതി ഇടപെടലിനും പിന്നാലെ സുപ്രീം കോടതിയും രൂക്ഷവിമര്‍ശനവുമായി രംഗത്ത്. ഇത്രയും മോശം റോഡിന് എങ്ങനെ ടോള്‍ പിരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. താന്‍ ആ വഴി പോയിട്ടുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞത്. ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച അപ്പീലില്‍ ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം. ഈ ആവശ്യത്തെ പരിഹസിച്ചു കൊണ്ടാണ് പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡില്‍ എങ്ങനെയാണ് ടോള്‍ പിരിക്കുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചത്.

പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങള്‍ക്ക് നേരിട്ട് അറിയാമെന്ന് ബെഞ്ചിലെ രണ്ടു ജസ്റ്റിസുമാരും പറഞ്ഞു. ജനങ്ങളില്‍നിന്ന് ടോള്‍ വാങ്ങി അവര്‍ക്ക് അതിന്റെ സേവനം നല്‍കാതിരിക്കലാണിതെന്ന് സുപ്രീം കോടതി തുറന്നടിച്ചു. റോഡ് പണി പൂര്‍ത്തിയാക്കാതെ നിങ്ങള്‍ക്ക് എങ്ങനെ ടോള്‍ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് അവിടുത്തെ സാഹചര്യം വ്യക്തമായി അറിയാമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.

Read more

റോഡ് നിര്‍മാണത്തിലെ കാലതാമസം പരിഹരിക്കാനാണ് ഫെബ്രുവരി മുതല്‍ കേരള ഹൈക്കോടതി ശ്രമിച്ചതെന്നും അനുകൂല പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്നാണ് ടോള്‍പ്പിരിവ് നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവിട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞത്. ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടിച്ചോദിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഉത്തരവ്.