'ഓപ്പറേഷൻ പി ഹണ്ട്': കുട്ടികളുടെ നഗ്നദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 11 പേർ പിടിയിൽ

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച 11 പേർ പിടിയിൽ. ഓപ്പറേഷൻ പി ഹണ്ട് – 3 യുടെ ഭാഗമായാണ് അറസ്റ്റ്. ഇന്റർപോളും കേരള പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. വാട്സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരിൽ നിന്ന് ലാപ്ടോപ്പ്, മൊബൈലും ഉൾപ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടി. ഇന്ന് രാവിലെ 8 മണി മുതൽ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.  ആലംബം , അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകൾ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. എ‍ഡിജിപി മനോജ് എബ്രഹാമിന്റെ നേത‍ൃത്വത്തിലാണ് റെയ്ഡ് നടന്നത്.

Read more

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായാണ് സൈബര്‍ഡോം ഓപ്പറേഷൻ പി ഹണ്ട്  ആരംഭിച്ചത്. ഓപ്പറേഷന്റെ ഭാഗമായി ഈ വർഷം ആദ്യം നടന്ന റെയ്ഡിലും 12 പേർ പിടിയിലായിരുന്നു.നഗ്നചിത്രങ്ങൾ തുടർച്ചയായി നവ മാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്ത 12 പേരാണ് പിടിയിലായത്.  ഇന്‍റർപോളിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‍ഡിൽ 16 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഉണ്ടായി. നവമാധ്യമങ്ങളിൽ പേജുകളും വാട്സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവർ കുട്ടികൾക്കെതിരായ അതിക്രമം നടത്തുന്നത്. സംസ്ഥാന വ്യാപകമായി “ഓപ്പറേഷന്‍ പി ഹണ്ടി”ന്‍റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.