‘കഠിനാദ്ധ്വാനിയായ സ്ഥിരോത്സാഹി’; നിയമസഭയിൽ അഞ്ച് പതിറ്റാണ്ട് തികയ്ക്കുന്ന ഉമ്മൻചാണ്ടിയെ കുറിച്ച് മുഖ്യമന്ത്രി

നിയമസഭയിൽ അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതം പിന്നിടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടി കഠിനാദ്ധ്വാനിയായ സ്ഥിരോത്സാഹിയാണെന്ന് അദ്ദേഹം പറഞ്ഞു.

മാതൃഭൂമിയിലെഴുതിയ ലേഖനത്തിലൂടെയാണ് പിണറായിയുടെ പ്രതികരണം. രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിദ്ധ്യമായി ഉമ്മൻചാണ്ടിയുണ്ടെന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു.

‌നിയമസഭയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട്‌ സഭയിലെത്തുക, തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിട വരാതിരിക്കുക, ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽ തന്നെ അത്യപൂർവം പേർക്കു മാത്രം സാദ്ധ്യമായിട്ടുള്ള കാര്യങ്ങളാണെന്ന് പിണറായി കുറിച്ചു.

ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറിയെന്നും മുഖ്യമന്ത്രി ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു.

ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അമ്പതാം വാർഷികം നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ‘സുകൃതം സുവർണം’ പരിപാടി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.