ഓഖി ദുരന്തം: ലത്തീന്‍ സഭ മന്ത്രിമാരുമായി ചര്‍ച്ച നടത്തി, തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ധാരണ

Advertisement

ഓഖി ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത മന്ത്രിമാരുമായി ചര്‍ച്ച നടത്തി. റെവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് വൈദികരുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്. നേരത്തെ ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പാക്കേജില്‍ സഭ അതൃപ്തി അറിയിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം.

അപടകങ്ങളെ ചെറുക്കാന്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം, കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ സഭാ പ്രതിനിധികള്‍ സര്‍‌ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തെക്കുറിച്ചുള്ള അവ്യക്തത നീക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

മത്സ്യത്തൊഴിലാളി പ്രതിനിധി, അതിരൂപത പ്രതിനിധി എന്നിവരടങ്ങുന്ന സര്‍വകക്ഷി സംഘം കേന്ദ്രത്തിലേക്ക് പോകണം എന്ന ആവശ്യവും അതിരൂപത മുന്നോട്ട് വെച്ചു. ഇനി ഇത്തരം ദുരന്തം ഉണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എങ്ങനെ കൈത്താങ്ങാവാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തണമെന്നും രൂപത പ്രതിനിധികള്‍ പറഞ്ഞു.