എന്‍.എസ്.എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ് പറഞ്ഞത്; നിലപാടില്‍ മലക്കം മറിഞ്ഞ് വി.ഡി സതീശന്‍

നായര്‍ സര്‍വീസ് സൊസൈറ്റിയെയും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെയും താന്‍ തള്ളിപറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്‍എസ്എസുമായി ഒരു അകല്‍ച്ചയും ഇല്ല. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ താന്‍ കിടക്കില്ലെന്നും അദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് താന്‍ ആകെ പറഞ്ഞത് വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നാണ്. അതു എന്‍എസ്എസിനെ തള്ളിപ്പറഞ്ഞല്ലന്നും വി.ഡി സതീശന്‍’ പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് ഞാന്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം ഇതേ കാര്യം പറഞ്ഞിരുന്നു. അന്നു തന്നെ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളുടെ അടുത്തും ഞങ്ങള്‍ പോകും. ഒരാള്‍ക്കും അയിത്തം കല്‍പ്പിച്ചിട്ടില്ല. ഞാന്‍ എന്‍എസ്എസിനെ തള്ളി പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് വളരെ കൃത്യമാണ്. എല്ലാവരുടെ അടുത്തും പോകാം. അവരുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാം. അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാം. സഹായിക്കാം. ആരോടും അകല്‍ച്ചയില്ലാത്ത നിലപാടാണ് ഉളളത്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാം, എന്നാല്‍ കിടക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നത് തെറ്റല്ലന്നും അദേഹം ന്യായീകരിച്ചു.

Read more

ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്ന വി.ഡി സതീശന്റെ വാദം പച്ചക്കള്ളമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ച ആളാണ് സതീശന്‍. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണ്. പ്രസ്താവന സതീശന്‍ തിരുത്തണമെന്നും അല്ലെങ്കില്‍ അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നു പ്രതിപക്ഷ നേതാവ് നല്‍കിയത്.