'ആരായാലും വിട്ടുവീഴ്ചയില്ലാത്ത സമീപനം, പരാതി ഗൗരവമായി പരിശോധിച്ച് നടപടി എടുക്കും'; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശൻ

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അശ്ലീല സന്ദേശ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണവിധേയർ ആരായാലും വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് വി ഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവമായി പരിശോധിച്ച് നടപടി എടുക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മകളെപ്പോലെ കാണുന്ന പെൺകുട്ടിയാണ് പരാതി നൽകിയത്. ഒരച്ഛൻ ചെയ്യേണ്ടത് താൻ ചെയ്തിട്ടുണ്ട്. താൻ മുൻകൈ എടുത്ത് നടപടി എടുക്കും. മുഖം നോക്കാതെയുള്ള നടപടി ആയിരിക്കും. പരാതി പരിശോധിച്ച് എല്ലാവശവും പഠിച്ച് ആരോപണവിധേയനായ രാഹുലിന് പറയാനുള്ളതും കേട്ടിട്ട് നടപടി എടുക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും. മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു.

കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണ വിധേയന് പറയാനുള്ളത് കൂടി കേട്ട് നടപടിയെ‌ടുക്കും. നടപടിയെടുക്കുന്നതിന് പാർട്ടിയിൽ ഒരു നടപടിക്രമമുണ്ട്. പരാതിയുടെ ഗൗരവം നോക്കും. ആരോപണ വിധേയന് പറയാനുള്ളത് കേൾക്കുമെന്നും ശേഷമായിരിക്കും നടപടി എടുക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാജിവെക്കാൻ രാഹുലിലിന് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനത്ത് നിന്നും രാജിവെക്കുന്ന പശ്ചാത്തലത്തിൽ പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും.

Read more