പ്രളയസഹായത്തിനും 'വില' നല്‍കണം: അധിക അരിക്ക് 205.81 കോടി രൂപ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം

 

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അധിക അരിക്ക് വില നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. 2018-2019 കാലത്ത് നല്‍കിയ അധിക അരിക്ക് 205.81 കോടി രൂപ കേരളം നല്‍കണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളത്തിന് പ്രളയസഹായം നിഷേധിച്ചതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.ഇത് സംബന്ധിച്ച ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ദുരന്ത നിവാരണസേനയ്ക്ക് കത്തയിച്ചു.

അതേസമയം പ്രളയ നാശനഷ്ടത്തെ അതിജീവിക്കാന്‍ കേരളത്തിന് അര്‍ഹമായ സഹായം തുടര്‍ച്ചയായി നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങള്‍ക്ക് പ്രളയസഹായം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് 2109 കോടി രൂപയുടെ നാശനഷ്ടം സംബന്ധിച്ച മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. എന്നാല്‍ കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപ കേന്ദ്രം അനുവദിച്ചത്. അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം തുടങ്ങിയ ദുരന്തങ്ങളിലാണ് സഹായം നല്‍കുന്നത്. സെപ്റ്റംബര്‍ 7-നാണ് പ്രളയത്തെ തുടര്‍ന്ന് കേരളം കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തയക്കുന്നത്.