മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാറില്ല, മോഷണ ശേഷം പണം വീതിച്ച് പിരിയും; അഞ്ചംഗ പിടിയില്‍

കരീലകുളങ്ങരയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പിടിയില്‍. ചിങ്ങോലി കാവില്‍പ്പടിക്കല്‍ ക്ഷേത്രം, ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ടാണ് സംഘത്തെ പിടികൂടിയത്. ജോസഫ് (54), സെബാസ്റ്റ്യന്‍ (32), രമേശ് (27),വിഷ്ണു (30),ഗിരീഷ് (51) എന്നിവരെയാണ് കരീലകുളങ്ങര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കായംകുളം ഡിവൈ.എസ്.പി അലക്‌സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കളെ പിടികൂടിയത്. കേസുകളില്‍ ഇവര്‍ക്കെതിരെ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളില്‍ പത്തോളം മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷമായി പ്രതികള്‍ കൂട്ടായും ഒറ്റയ്ക്കും സ്ഥിരമായി മോഷണം നടത്തി വരികയാണ്.

മോഷണത്തിന് പോകുമ്പോഴോ അല്ലാത്തപ്പോഴോ ഇവര്‍ പരസ്പരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല. ഓരോ മോഷണവും നടത്തിയതിന് ശേഷം പണം തുല്യമായി വീതിച്ചെടുത്ത് പിരിയുകയാണ് പതിവ്. ഇരുചക്രവാഹനങ്ങള്‍, കാര്‍, പിക്കപ്പ് എന്നിവയാണ് മോഷണത്തിനായി ഉപയോഗിക്കാറുള്ളത്.

ഏവൂര്‍ കണ്ണമ്പള്ളിയില്‍ ക്ഷേത്രത്തിലെ മോഷണത്തിനു ശേഷം ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോഷ്ടാക്കളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കരീലകുളങ്ങര സി.ഐ സുധിലാല്‍ എസ്.ഐമാരായ ഷെഫീഖ്, മുജീബ്, എ.എസ്.ഐ പ്രദീപ് പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ്.ആര്‍, മണിക്കുട്ടന്‍, ഇല്യാസ് ഇബ്രാഹിം, നിഷാദ്, ദീപക്, ഷാജഹാന്‍,ഷെമീര്‍, ശ്യാം, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.