കോഴിക്കോട് നിപ ഭീതി ഒഴിയുന്നു; കണ്ടെയ്മെന്റ് സോണുകളിലൊഴികെ സ്കൂളുകൾ ഇന്ന് തുറക്കും, നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്ത്തിയാണ് കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ തുടർച്ചയായ പത്താം ദിവസവും പോസിറ്റീവ് കേസുകൾ ഇല്ലാതായതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ജില്ലയിലെ കണ്ടെയ്മെന്റ് സോണുകളിലൊഴികെയുളള ഭാഗങ്ങളിൽ സ്കൂളുകൾ ഇന്ന് തുറക്കും.

നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ തുറക്കുക. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വെക്കണമെന്നും നിർദേശമുണ്ട്.

കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ പഠനം ഓൺലൈനായി തുടരണം.റോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 7 വാർഡുകളുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത്.

പുറത്തെ സ്കൂളുകളിൽ പഠിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ സംവിധാനമൊരുക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണിച്ച ആരോഗ്യപ്രവർത്തകയുടെ അടക്കം അവസാനമായി പരിശോധനയ്കയച്ച സാമ്പിളുകളുടെയും ഫലം കൂടി നെഗറ്റീവായി. നിലവിൽ 915 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.