സംസ്ഥാനത്ത് രാത്രി വാഹനപരിശോധന കര്‍ശനമാക്കുന്നു; മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് പിടിവീഴും

സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതോടെ രാത്രികാല വാഹന പരിശോധന വീണ്ടും ആരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ഇതോടെ കര്‍ശനമാക്കും. ഇത് സംബന്ധിച്ച് ഡിജിപി എല്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

രണ്ട് വര്‍ഷമായി കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ രാത്രിയിലെ വാഹനപരിശോധനയില്‍ ഇളവ് വരുത്തിയിരുന്നു. ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതുള്‍പ്പടെ പുനരാരംഭിക്കും.

രാത്രി പട്രോളിംഗ് തുടങ്ങാനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിശോധനയ്ക്ക് തയ്യാറാകാത്തവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിര്‍ദ്ദേശം. ഇതുവരെ കോവിഡ് നിയമലംഘനങ്ങള്‍ക്കായിരുന്നു പൊലീസ് മുന്‍ഗണന നല്‍കിയിരുന്നത്.

അതേസമയം നിരത്തുകളിലെ നിയമലഘനങ്ങള്‍ പിടിക്കാനായി 726 ക്യാമറകളാണ് സ്ഥാപിക്കുന്നത്. 235 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഇതോടെ എളുപ്പത്തില്‍ പിടികൂടാനാകും.