നാര്‍ക്കോട്ടിക് ജിഹാദ് വിവാദം; കലുഷിത സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് സി.പി.എം

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ ഇടപെട്ട് സി.പി.എം. കലുഷിത സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളിൽ ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തുന്നതും, സർവ്വകക്ഷി യോഗം വിളിക്കുന്നതുo അടക്കമുള്ള കാര്യങ്ങൾ സർക്കാരിൻ്റെ പരിഗണനയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്.

ക്രൈസ്തവരില്‍ ചെറിയൊരു വിഭാഗത്തിൽ വര്‍ഗീയ സ്വാധീനം ഉണ്ടാകുന്നുണ്ടെന്നും ഇത് ഗൗരവമായി കാണണമെന്നുമായിരുന്നു സിപിഐഎമ്മിന്‍റെ കുറിപ്പിലെ പരാമർശം. ആരാധനാലയങ്ങളില്‍ ബിജെപി കടന്നുകയറ്റം തടയണമെന്നും സിപിഐഎം നിര്‍ദ്ദേശിച്ചു.