ഇഡി കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടാസംഘം; ആദ്യം ഭീഷണിപ്പെടുത്തുന്നു; പിന്നീട് കടന്നാക്രമിക്കുന്നു; സിപിഎമ്മിന് ആരെയും പേടിയില്ല; വെല്ലുവിളിച്ച് എംവി ഗോവിന്ദന്‍

കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിരിക്കുകയാണ്. കേരളം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഈ പ്രശ്‌നം ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമായി സുപ്രീംകോടതി കാണുന്നു. മാര്‍ച്ച് 31ന് മുന്‍പ് 57,000 കോടി രൂപയാണു കേരളത്തിന് കേന്ദ്രം തരാനുണ്ടായിരുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും ഏഴായിരത്തോളം കോടി രൂപ തരാന്‍ ബാക്കിയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഗുണ്ടാസംഘമായാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. ഗുണ്ടാപിരിവുകാര്‍ ആദ്യം ഭീഷണിയായിട്ടാണ് വരിക. പിന്നെയാണ് കടന്നാക്രമണം. ഇതുതന്നെയാണ് ഇഡിയും ചെയ്യുന്നത്. ഭീഷണിയും കേസുംകൊണ്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ ആര്‍ക്ക് മുമ്പിലും മുട്ടുമടക്കില്ല. ഭീഷണിപ്പെടുത്തലൊക്കെ അശോക് ചൗഹാനെപ്പോലുള്ളവരോട് മതി. ഇവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സര്‍ക്കാരിനെയും തകര്‍ക്കാമെന്ന് കരുതേണ്ട.

സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. അങ്ങനെയുണ്ടെങ്കില്‍ കണ്ടുപിടിക്കട്ടെ. അന്വേഷിക്കലും അറസ്റ്റ് ചെയ്യലും തന്നെയാണല്ലോ ഇഡിയുടെ പണി. അവരത് ചെയ്യട്ടെ. ഞങ്ങള്‍ക്കാരെയും ഭയമില്ല. സിപിഎം എല്ലാ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മിഷന് പരസ്യമായി നല്‍കുന്നതാണ്.

റിയാസ് മൗലവി കേസില്‍ അന്വേഷണം മികവുറ്റ രീതിയില്‍ നടന്നതാണ്. ജഡ്ജിമാരുടെ ആത്മനിഷ്ട ഘടകം കൂടി ചേര്‍ന്നാണ് വിധി. സിപിഐ എം എക്കാലവും കുടുംബത്തോടൊപ്പം ഉണ്ടാകും. കുടുംബത്തിന് ആവശ്യമായ സഹായം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദേഹം പറഞ്ഞു.