'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിനുള്ളിൽ പാർട്ടി നടത്തിയ നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ. ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ജൂൺ 20 നായിരുന്നു സംഭവം. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

സംഭവത്തിൽ പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവിഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയര്‍ ഇന്ത്യകമ്പനി വക്താവ് വിശദമാക്കി. അതേസമയം ജീവനക്കാരുടെ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും എഐ സാറ്റ്സ് വിമർശിച്ചു.

Read more