ബിനോയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് മുംബൈ പൊലീസ് മരവിപ്പിച്ചു

ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് മുംബൈ പൊലീസ് മരവിപ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരും വരെ ലുക്കൗട്ട് നോട്ടീസ് മരവിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് മുംബൈ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പറയും.

അതേസമയം, ബിനോയ് കോടിയേരിക്കെതിരെ കുരുക്കുകള്‍ മുറുകുകയാണ്. പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന യുവതി തെളിവായി പാസ്പോര്‍ട്ട് രേഖകള്‍ പൊലീസിന് ഹാജരാക്കി. യുവതിയുടെ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്പോര്‍ട്ടിന്റെ കാലാവധി തീര്‍ന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയത്. ബിനോയിക്കെതിരെ നിര്‍ണായക തെളിവാകാന്‍ പോന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാസ്പോര്‍ട്ട് രേഖകള്‍.

ബാങ്കിടപാടിന്റെ രേഖകളും യുവതി ഹാജരാക്കി. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ യുവതി പോലീസിന് കൈമാറി. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പോലീസ് കണ്ടെത്തി. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിട്ടുള്ളത്.