മുല്ലപ്പെരിയാർ മരംമുറി ഉത്തരവ്; മുഖ്യമന്ത്രിയുടെ അറിവോടെ, കേരളത്തിന്റെ പൊതുതാല്പര്യത്തെ ഒറ്റുകൊടുത്തു: കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ട്. ഇത് ആവശ്യമുള്ളിടത്ത് സമർപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മരം മുറിക്കുന്ന ആ മേഖലയിൽ നാട്ടിലെ പല ഉദ്യോഗസ്ഥർക്കും സ്വകാര്യ ഭൂമി ഉണ്ട് എന്നത് അങ്ങാടി പാട്ടാണ്. അവർക്ക് അവരുടെ താല്പര്യം ഉണ്ടാകാം. എന്ത് പറഞ്ഞാലും ആഭ്യന്തര വകുപ്പ് അറിയാത്ത ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിഞ്ഞിട്ടുണ്ടാവില്ല. വനം വകുപ്പ് മന്ത്രി അറിയാത്ത പലതും ഇതിന് മുമ്പും ആ വകുപ്പിൽ നടക്കുന്നുണ്ട്. മുട്ടിൽ മരം മുറി നടന്നപ്പോഴും മന്ത്രി പറഞ്ഞത് അറിഞ്ഞില്ല എന്നാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ഒരു വകുപ്പ് മന്ത്രി അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തെ ഭരിക്കുന്ന സർക്കാരിന് ഗുണപരമല്ല, ഭൂഷണമല്ല, അംഗീകരിക്കാൻ സാധിക്കുന്ന നടപടിയല്ല എന്ന് സുധകരാണ് പറഞ്ഞു.

കേരളത്തിന്റെ പൊതുതാല്പര്യത്തെ ഒറ്റുകൊടുത്ത നടപടിയാണ് ഇത്. കേരളത്തിലെ ജനങ്ങളുടെ താല്പര്യം മുഖവിലക്കെടുക്കാതെ തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തിന് മുമ്പിൽ വകുപ്പ് മന്ത്രി പോലും അറിയാതെ സംസ്ഥാന സർക്കാർ ഉത്തരവ് നൽകുകയായിരുന്നു. ഉത്തരവ് പിൻവലിക്കണം. അനധികൃതമായി ഈ ഉത്തരവ് വന്നതിന്റെ പിന്നാമ്പുറം അന്വേഷിക്കണം. ആരുടെ പ്രേരണയാണ് ആരുടെ താല്പര്യമാണ് ഇതിന്റെ പിറകിൽ എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ സ്വാതന്ത്രമായൊരു ജുഡീഷ്യൽ അന്വേഷണം ഈ കാര്യത്തിൽ നടത്തണം. താൻ അറിയാതെ തന്റെ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചാൽ ആ സ്ഥാനത്ത് ഇനിയും ഇരിക്കാണോ എന്ന് എ.കെ ശശീന്ദ്രൻ തന്നെ ആലോചിക്കണം. മാനാഭിമാനമുണ്ടെങ്കിൽ മന്ത്രി രാജിവയ്ക്കണമന്നും സുധാകരൻ പറഞ്ഞു.

ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല എന്നും മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് നേരത്തെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥതലത്തിലെടുത്ത ഒരു തീരുമാനമാണെന്നും ഇക്കാര്യത്തില്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം വിഷയങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടിയതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരം മുറിക്കാൻ അനുമതി നൽകിയതിൽ തമിഴ്നാട് മുഖ്യമന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ര​ള​ത്തി​ന് ന​ന്ദി​യ​റി​യി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് അനുമതി നൽകിയ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ ബെ​ന്നി​ച്ച​ൻ തോ​മ​സാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.

Read more

വി​ഷ​യ​ത്തി​ൽ അഭിപ്രായം തേടി മാ​ധ്യ​മ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ​ പോ​ലും മരം മുറിക്കാൻ അനുമതി നൽകിയ വിവരം അ​റി​യു​ന്ന​ത്. പുതിയ അണകെട്ട് വേണ്ടെന്നും ബേബി ഡാം ബലപ്പെടുത്തിയാൽ മതിയെന്നും തമിഴ്‌നാട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബേബി ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു അണക്കെട്ട് സന്ദർശിച്ച ശേഷം തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് മരം മുറിക്കുന്നത്. ഇതിനായി തമിഴ്നാട് സർക്കാർ കേരളത്തിന്റെ അനുമതി തേടിയിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ നിലപാടിന് ശക്തി പകരുന്നതാണ് മരംമുറിക്കാൻ അനുമതി നൽകികൊണ്ടുള്ള കേരളത്തിന്റെ പുതിയ തീരുമാനം.