'കോണ്‍ഗ്രസിന്റെ തകര്‍ച്ച ബി.ജെ.പിക്ക് ഗുണം ചെയ്യും';  മോദിയുടെ നേതൃത്വം അംഗീകരിക്കുന്നവർക്ക്  ബി.ജെ.പിയിലേക്ക്  വരാമെന്ന് എം.ടി രമേശ് 

ഡിസിസി അദ്ധ്യക്ഷ പട്ടികയെ ചൊല്ലി  കോണ്‍ഗ്രസില്‍ അമർഷം പുകയുമ്പോള്‍ മുതലെടുപ്പിനൊരുങ്ങി ബിജെപി.  കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന്  ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നുവരാമെന്നും ബിജെപി നേതാവ് എംടി രമേശ് വ്യക്തമാക്കി.

കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സിപിഐഎമ്മിലേക്ക് പോകാന്‍ ആകില്ല. കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ കേരളത്തിന് പുറത്ത് ബിജെപിയിലേക്ക് ആണ് വരുന്നത്. ഇവിടെയും അങ്ങനെ ആകും എന്നാണ് പ്രതീക്ഷയെന്നാണ് എംടി രമേശിന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളേയും അണികളേയും സ്വാഗതം ചെയ്യുന്നുവെന്ന ബിജെപി നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി എംടി രമേശും രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയില്‍ കവാടം തുറന്നിട്ടിരിക്കുകയാണെന്നും നിലവില്‍ കോണ്‍ഗ്രസ് വിട്ട ഒരു നേതാവും തങ്ങളെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു പികെ കൃഷ്ണദാസ് പറഞ്ഞത്.

ഡിസിസി അദ്ധ്യക്ഷ പട്ടികയിൽ പ്രതിഷേധിച്ച് എ.വി ഗോപിനാഥും പി.എസ് പ്രശാന്തും കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. കെ.സി വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ക്ക് മാത്രമാണ് ഡിസിസി പട്ടികയില്‍ സ്ഥാനം ലഭിച്ചിരിക്കുന്നതെന്ന് പ്രശാന്ത് ആരോപിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ മൂലകാരണം വേണുഗോപാലാണ്. കെ.സിയോട് കൂറില്ലാത്ത ആര്‍ക്കും ഇടംകിട്ടില്ല. ഇക്കാരണത്താലാണ് പാലക്കാട് എ.വി ഗോപിനാഥിന് പുറത്ത് പോകേണ്ടി വന്നതെന്നും പ്രശാന്ത് പറഞ്ഞു.