അഭിമാനിക്കാം, ഏറ്റവും ശുദ്ധമായ വായു കേരളത്തില്‍ തന്നെ, ഇന്ത്യയില്‍ ഒന്നാമത് പത്തനംതിട്ട

Advertisement

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാം. രാജ്യത്ത് ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. അതില്‍ തന്നെ ഏറ്റവും മുന്നില്‍ പത്തനംതിട്ടയും. രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയാണ് പത്തനംതിട്ട. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചമായ അവസ്ഥയാണ് കേരളത്തിലേതെന്ന് പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ഗ്രീന്‍പീസ് ഇന്ത്യ’ 2016-ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചട്ടമനുസരിച്ച് 60 പി. എം.വരെയാണ് വായു ഏറ്റവും സുരക്ഷിതം. പത്തനംതിട്ടയില്‍ ഇത് 26 ആണ്. കേരളത്തില്‍ വായുമലിനീകരണം ഏറ്റവും കൂടുതല്‍ തൃശൂരിലാണ്. 55 ആണ് അവിടുത്തെ തോത്. മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചി, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ കുറയുകയും ചെയ്തു. എന്നിരുന്നാലും നിയന്ത്രണ രേഖ 60 കടന്നിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും വായുമലിനീകരണം കൂടുതലുള്ളത് ഡല്‍ഹിയിലാണ്. 290 ആണ് അവിടുത്തെ വായുമലിനീകരണ അളവ്.

280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം.10-ന്റെ തോത് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓരോ ജില്ലയിലെയും പ്രധാന നഗരത്തിലെ മലിനീകരണമാണ് പരിഗണിച്ചത്. 2010 മുതല്‍ 2015 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ വായുമലിനീകരണം 13 ശതമാനം വര്‍ധിച്ചു. എന്നാല്‍, ഇക്കാലയളവില്‍ ഇന്ത്യയെക്കാള്‍ വലിയ വ്യാവസായികരാജ്യമായ ചൈനയിലെ മലിനീകരണത്തില്‍ 17 ശതമാനം കുറവുണ്ടായി. അമേരിക്കയില്‍ 15 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ 20 ശതമാനവും വായുമലീനീകരണം കുറഞ്ഞു.