കുത്തകകള്‍ കേരളത്തിലെ പിണറായി സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; തൊഴില്‍മേഖല നാശത്തിന്റെ വക്കിലെന്ന് എളമരം കരീം

രാജ്യത്ത് തൊഴില്‍മേഖല നാശത്തിന്റെ വക്കിലാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടുകയാണ്. തൊഴില്‍നിയമം ഭേദഗതി ചെയ്തും മിനിമം വേതനം നിശ്ചയിക്കാനുള്ള തത്വങ്ങള്‍ ദുര്‍ബലമാക്കിയും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു. മാനേജ്‌മെന്റുകള്‍ക്ക് ജോലിസമയം നിശ്ചയിക്കാന്‍ അധികാരം നല്‍കിയതിലൂടെ, പൊരുതിനേടിയ നേട്ടങ്ങള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നു.

പൊതുമേഖലയില്‍ സംവരണതത്വങ്ങള്‍ അട്ടിമറിച്ചു. വൈദ്യുതമേഖലയില്‍ പ്രസരണം നടത്തിയിരുന്ന പവര്‍ ഗ്രിഡ് കോര്‍പറേഷനെ ഒഴിവാക്കി അദാനിക്ക് അവസരം നല്‍കി. വിതരണവും കുത്തകകള്‍ക്ക് കൈമാറാനാണ് നീക്കം. സ്മാര്‍ട്ട് മീറ്റര്‍ എന്ന ആശയം അതിനുള്ള കുറുക്കുവഴിയാണ്. ഭക്ഷ്യശേഖരണം, -വിതരണം, ധാന്യശേഖരണം എന്നിവയും കുത്തകകള്‍ക്ക് കൈമാറാനാണ് ശ്രമിക്കുന്നതെന്നും അദേഹം ആരോപിച്ചു.

ഇതിനെതിരെ രാജ്യത്തെ ഏക ബദലായ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ഇവരുടെ നീക്കം. ഇതിന് കോണ്‍ഗ്രസും കൂട്ടുനില്‍ക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് എളമരം കരീം പറഞ്ഞു.