'മരിച്ചാലും വെറുതെ വിടില്ല'; മരിച്ചവരുടെ അക്കൗണ്ടുകളില്‍ നിന്നുള്‍പ്പെടെ പണം തട്ടിയെടുത്തു; സബ്ട്രഷറിയിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മരിച്ചവരുടെ അക്കൗണ്ടുകളില്‍ നിന്നുള്‍പ്പെടെ പണം തട്ടിയെടുത്ത സംഭവത്തില്‍ കഴക്കൂട്ടം സബ്ട്രഷറിയിലെ അഞ്ച് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. രണ്ട് ജൂനിയര്‍ സൂപ്രണ്ടന്റുമാര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ജൂനിയര്‍ സൂപ്രണ്ടന്റുമാരായ സാലി, സുജ അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

വ്യാജ ചെക്ക് ഉപയോഗിച്ച് ജീവനക്കാര്‍ 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതിന് പിന്നാലെ നല്‍കിയ പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ട്രഷറി ജീവനക്കാര്‍ നടത്തിയ തട്ടിപ്പ് കണ്ടെത്തിയത്.

മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ കഴക്കൂട്ടം സബ് ട്രഷറി ഓഫീസര്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ജൂണ്‍ 3,4 തീയതികളിലായാണ് മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. പണം പിന്‍വലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പരാതിക്കാരിക്ക് പുതിയ ചെക്ക് ബുക്ക് നല്‍കിയിരുന്നതായി ട്രഷറി ഉദ്യോഗസ്ഥര്‍ വാദിച്ചു. എന്നാല്‍ താന്‍ ചെക്ക് ബുക്കിന് അപേക്ഷിച്ചിരുന്നില്ലെന്നും പണം പിന്‍വലിച്ച ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറഞ്ഞു. തുടര്‍ന്ന് ധനവകുപ്പിലെ പരിശോധന സംഘം നടത്തിയ അന്വേഷണത്തിലാണ് ട്രഷറി ജീവനക്കാര്‍ പണം തട്ടിയതായി കണ്ടെത്തിയത്.