"അനിയൻ്റെ പിഞ്ചുമക്കളുടെ ഭാവി എന്താണ് അവർ ചിന്തിക്കാത്തത്": കുപ്രചാരണങ്ങൾക്ക് എതിരെ മിഥിലാജിന്‍റെ സഹോദരന്‍

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആയത് കൊണ്ടും യുവജനങ്ങൾക്കിടയിൽ സ്വാധീനമുള്ളതു കൊണ്ടുമാണ് തന്റെ അനിയനെ യൂത്ത് കോൺഗ്രസുകാർ കൊന്നു തള്ളിയത് എന്ന് മിഥിലാജിന്‍റെ സഹോദരന്‍ നിസാം. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു നിസാം.

തന്റെ അനിയനെതിരായ കുപ്രചാരണങ്ങൾക്ക് എതിരെയും നിസാം പ്രതികരിച്ചു. ഏത് കഞ്ചാവ് കേസിലെ പ്രതിയാണ് തന്റെ അനിയൻ എന്ന് കോൺഗ്രസ് നേതൃത്വം പറയണം എന്നും. പ്രതിപക്ഷ നേതാവ് പ്രസ്താവന തിരുത്തണമെന്നും മിഥിലാജിന്‍റെ സഹോദരന്‍ പറഞ്ഞു.

നിസാം കൈരളി ന്യൂസിനോട് പറഞ്ഞത്:

“ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആയത് കൊണ്ട് തന്നെയാണ് ഇവരെ അവർ കൊന്ന തള്ളിയിരിക്കുന്നത്. കാരണം മിഥിലാജ് ഹക്കും യുവജനങ്ങൾക്കിടയിൽ ഒരുപാടു സ്വാധീനമുള്ള വ്യക്തികളായിരുന്നു. അവർ വഴി ഒരുപാടു പ്രവർത്തകർ പാർട്ടിയിലേക്ക് വരുന്നൊരു സമയമാണ്. നേരത്തെയും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് തീർച്ചയായും അവരെ കൊന്ന് തള്ളിയത്. ഇനി അവർ മുന്നോട്ട് പോവരുത്, വളരരുത് എന്നൊരു കാരണം കൊണ്ടാണ്. അവരുടെ ഒരു ഹിഡൻ അജണ്ടയാണ് അത്. തേമ്പാംമൂട്ട് ഫൈസലിനെ നേരത്തെ വെട്ടിയ കേസ്, അത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു, അതേ പ്രതികൾ തന്നെയാണ് ഇപ്പോൾ ഇതും ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞുകൊണ്ടാണോ അറിയാതെയാണോ ഇത് ചെയ്തിരിക്കുന്നത് എന്നറിയില്ല. പക്ഷേ അവരുടെ പ്രസ്താവനകൾ കേൾക്കുമ്പോൾ അറിഞ്ഞുകൊണ്ടാണ്‌ എന്നേ പറയാൻ പറ്റൂ. ഷാഫി പറമ്പിലിന്റെ പ്രസ്താവന എന്തായിരുന്നു? രമേശ് ചെന്നിത്തലയുടെ പ്രസ്താവന എന്തായിരുന്നു? കഞ്ചാവ് കേസിലെ പ്രതി എന്നാണ് പറഞ്ഞത്. ഏതെങ്കിലും ഒരു കഞ്ചാവ് കേസിൽ പ്രതിയായിട്ട് മിഥിലാജിനെ ഇവിടെ ഏതെങ്കിലും ഒരു സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അവർ തെളിയിക്കട്ടെ. മുകളിലേക്കു വരാതിരിക്കാൻ ഗുണ്ടകളെ വിട്ട് കൊല്ലുക എന്നിട്ട് ആയാൾ ഗുണ്ടയാണ്‌, അയാൾ കഞ്ചാവ് കേസിലെ പ്രതിയാണ് എന്ന് മറുവാദം ഉന്നയിച്ച് ചെയ്ത കുറ്റം മാറയ്ക്കുക, ഇതാണ് ഇപ്പോൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. എൻ്റെ അനിയൻ്റെ പിഞ്ചു മക്കളുടെ ഭാവി എന്താണ് അവർ ചിന്തിക്കാത്തത്. ഒന്നുമില്ലെങ്കിലും ഒരു പ്രതിപക്ഷ നേതാവല്ലേ. അദ്ദേഹം എന്തിനാണ് ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്.”-നിസാം പറഞ്ഞു.

അതേസമയം വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അജിത്, ഷജിത്, സതി, നജീബ് എന്നിവരാണ് റിമാന്‍ഡിലായത്. കൃത്യത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെ രക്ഷപ്പെടുത്താനും വാഹനമേര്‍പ്പെടുത്താനുമടക്കം സഹായിച്ചവരാണ് ഇവര്‍. നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നിൽ ഓണലൈനായാണ് പ്രതികളെ ഹാജരാക്കിയത്.

Read more

റിമാൻഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അനുസരിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധവും കടത്ത മുൻ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗുഢാലോചന നടന്നത് എന്ന് റിമാൻഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.