മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നവകേരള സദസിന്റെ പര്യടനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം ചെങ്ങന്നൂരില്‍ നടന്ന പരിപാടിയില്‍ എകെ ശശീന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.

നേരിയ തോതില്‍ തളര്‍ച്ച അനുഭവപ്പെട്ട മന്ത്രി പത്തനംതിട്ടയിലെ ഹോട്ടലിലേക്ക് പോയിരുന്നു. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഹോട്ടല്‍ മുറിയിലെത്തി നടത്തിയ പരിശോധനയില്‍ ശശീന്ദ്രന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more

അതേ സമയം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി കെ കൃഷ്ണന്‍കുട്ടി വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ആയാസമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കെ കൃഷ്ണന്‍കുട്ടിയ്ക്ക് ഡോക്്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി വിട്ട മന്ത്രി വീണ്ടും നവകേരള സദസില്‍ സജീവമായിട്ടുണ്ട്.