ആ കത്ത് എന്റേതല്ല, ഹൈക്കോടതിയിലും ആവര്‍ത്തിച്ച് ആര്യ രാജേന്ദ്രന്‍; ക്രൈംബ്രാഞ്ചും ഒളിച്ചുകളിക്കുന്നു

താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരെ ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പുറത്തു വന്ന കത്ത് തന്റേതല്ലന്നും ആര്യ ഹൈക്കോടതിയെ അറിയിച്ചു. പട്ടിക ആവശ്യപ്പെട്ട് കത്തു തയാറാക്കിയിട്ടില്ലെന്നും കോര്‍പറേഷന്റെ ലെറ്റര്‍ പാഡില്‍ തന്റെ ഒപ്പ് കൃത്രിമമായി സ്‌കാന്‍ ചെയ്ത് ഉള്‍പ്പെടുത്തിയതാകാമെന്നും ക്രൈംബ്രാഞ്ചിന് നല്‍കി അതേ വിശദീകരണമാണ് ഹൈക്കോടതിയിലും മേയര്‍ ഉയര്‍ത്തിയത്.

പ്രാഥമിക അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞതെല്ലാം മേയര്‍ ഹൈക്കോടതിയിലും ആവര്‍ത്തിക്കുകയായിരുന്നു. ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴിയും ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ രേഖപ്പെടുത്തി. കത്ത് തയാറാക്കിയതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നതെന്നും ജീവനക്കാര്‍ മൊഴി നല്‍കി.

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയ കത്തുമായി ബന്ധപ്പെട്ടസംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തെങ്കിലും എഫ് ഐ ആറില്‍ പ്രതികളില്ല. മേയറുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡ്ഡില്‍ വ്യാജഒപ്പോട് കൂടി തെയ്യാറാക്കിയ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് എഫ് ഐ ആറില്‍പറഞ്ഞിരിക്കുന്നത്.

മേയര്‍ ആര്യാരാജേന്ദ്രന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെങ്കിലും ആരെയും ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. എന്നാല്‍ കത്ത് പ്രചരിപ്പിച്ചത് മേയറെയും കോര്‍പ്പറേഷനെയും പൊതുമധ്യത്തില്‍ അപമാനിക്കാനും, താഴ്തിക്കെട്ടാനുമാണെന്ന് എഫ്ഐഐറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മേയറുടെ ഓഫീസിലെ കമ്പ്യുട്ടര്‍ പരിശോധിച്ചാല്‍ ആരാണ് ലെറ്റര്‍ഹെഡ് തെയ്യാറാക്കിയതെന്ന് ഒരു മണിക്കൂര്‍ കൊണ്ട് കണ്ടെത്താനാവുന്നതേയുള്ളു. എന്നിട്ടും ആ വഴിക്ക് നീങ്ങാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല.