'ഫാരിസ് അബൂബക്കര്‍ മുഹമ്മദ് റിയാസിന്റെ അമ്മാവന്‍, ടെക്‌നോ പാര്‍ക്കിലെ ഡൗണ്‍ ടൗണ്‍ പ്രോജക്റ്റിനു പിന്നില്‍ വന്‍ അഴിമതി'; ആരോപണവുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടപ്പാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്റ്റിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ജനപക്ഷം നേതാവ് പി.സിജോര്‍ജ്. തണ്ണീര്‍തടങ്ങള്‍ ഉള്‍പ്പെടെ 19.73 ഏക്കര്‍ ഭൂമി തരം മാറ്റാന്‍ കമ്പനിക്ക് അനുമതി നല്‍കിയത് വെറും 35 ദിവസം കൊണ്ടാണെന്നും ജോര്‍ജ് ആരോപിച്ചു.

പിണറായി മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും വീണ വിജയനും ടെക്‌നോപാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. ഫാരിസ് അബൂബക്കര്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അമ്മാവനാണ്.

ടെക്‌നോപാര്‍ക്കിലെ ടോറസ് കമ്പനിക്ക് നല്‍കിയത് വയലും തണ്ണീര്‍തടവുമാണ്. കമ്പനിയുടെ ഇടപാടുകള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കകം പൂര്‍ത്തീകരിച്ചു. ഇതിന് നേതൃത്വം നല്‍കുന്നത് ഫാരിസ് അബൂബക്കര്‍ ആണ്. കേരളം ഭരിക്കുന്നത് തന്നെ ഫാരിസ് അബൂബക്കര്‍ ആണ്.

ടോറസ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിന്റര്‍ഫെല്‍ റിയാലിറ്റി കടലാസ് കമ്പനി മാത്രമാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ഇവര്‍ക്ക് ആയിരം കോടിയിലധികം വായ്പ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇഡിക്ക് കൈമാറുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Read more

അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ടെക്‌നോപാര്‍ക്കില്‍ നടപ്പിലാക്കുന്ന വന്‍കിട പദ്ധതിക്കെതിരെയാണ് പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ടോറസ് രാജ്യത്ത് ആദ്യമായി നടത്തുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ടെക്‌നോപാര്‍ക്കിലെ ടോറസ് ഡൗണ്‍ ടൗണ്‍. ഐടി ഇടം, മാള്‍, റസിഡന്‍ഷ്യല്‍ സമുച്ചയം, ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതിയാണ് ഇത്.