ആലത്തൂരില്‍ യു.ഡി.എഫ് ജയിക്കും; ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ എല്‍.ഡി.എഫ്: മനോരമ സര്‍വെ

ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കോട്ടയെന്നറിയപ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇക്കുറി യുഡിഎഫ് വിജയക്കൊടി പാറിക്കുമെന്ന് മനോരമ ന്യൂസ് അഭിപ്രായ സര്‍വെ. അതേസമയം, യുഡിഎഫിന് മേല്‍ക്കൈ എന്ന് വിലയിരുത്തുന്ന ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും സര്‍വെയില്‍ പറയുന്നു.

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രമ്യാ ഹരിദാസ് 45 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വെയില്‍ പറയുന്നത്. സിറ്റിംഗ് എംപിയും സിപിഎം സ്ഥാനാര്‍ത്ഥിയുമായ പികെ ബിജു 38 ശതമാനം വോട്ടുകളാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ടുകളും നേടും.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വെ നടത്തിയത്. ആലപ്പുഴ മണ്ഡലത്തില്‍ എഎം ആരിഫ് 47 ശതമാനം വോട്ട് നേടും. അതേസമയം, യുഡിഎഫ് 44 ശതമാനം നേടി യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെയ്ക്കുമെന്നാണ് സര്‍വെ പറയുന്നത്. നാല് ശതമാനം വോട്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍ നേടുകയെന്നും സര്‍വെ ചൂണ്ടിക്കാണിക്കുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇക്കുറിയും എല്‍ഡിഎഫ് കോട്ടയ്ക്ക് ഇളക്കം തട്ടില്ല. അതേസമയം, ചാലക്കുടിയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം.