മന്നം ജയന്തിക്ക് സമ്പൂര്‍ണ്ണ അവധിയില്ല, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമയി എന്‍എസ്എസ്

മന്നം ജയന്തി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിവസം സമ്പൂര്‍ണ്ണ അവധി പ്രഖ്യാപിക്കാത്തതില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. സര്‍ക്കാരിന്റേത് എന്‍എസ്എസിനോടുള്ള വിവേചനപരമായ നിലപാടാണ്. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.

145 ാമത് മന്നം ജയന്തി ദിവസമാണ് വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്തെത്തിയത്. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ദീര്‍ഘ നാളായി എന്‍എസ്എസ് ഉയര്‍ത്തുന്നതാണ്. എന്നാല്‍ അനുകൂലമായ നടപടി ഇതുവരെ സ്വീകരിച്ചട്ടില്ല. നിലവില്‍ ഉള്ളത് നിയന്ത്രിത അവധി മാത്രമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു.

മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യാപിക്കണം എന്നതാണ് എന്‍എസ്എസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് ശിപാര്‍ശ നല്‍കേണ്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ 15 പൊതു അവധികള്‍ ഉണ്ടെന്നും, കൂടുതല്‍ അവധികള്‍ നല്‍കാന്‍ പരിമിതി ഉണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.

Read more

എന്‍എസ്എസ് മതേതര സംഘടനയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒരു പോലെയാണ് കാണുന്നത്. എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ വിമര്‍ശിക്കുകയും, നല്ലതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ തന്നെ മന്നത്ത് പദ്മനാഭനെ നവോത്ഥാന നായകനായി ചില ഇടങ്ങളില്‍ ഉയര്‍ത്തി കാണിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും എന്നും അദ്ദേഹം പറഞ്ഞു.