റെയ്ഡ് മണത്തറിഞ്ഞ കൊടിസുനി ഫോണും ചാര്‍ജറും കുഴിച്ച് മൂടിയത് ജയിലില്‍തന്നെ

പൊലീസ് റെയ്ഡ് മണത്തറിഞ്ഞു മൊബൈല്‍ ഫോണും ചാര്‍ജറും കുഴിച്ചുമൂടി കൊടി സുനി. ജയിലിലിരുന്നു സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്ത കേസില്‍ കോഴിക്കോട്ടു നിന്നുള്ള പൊലീസ് സംഘം സുനിയെ ചോദ്യം ചെയ്യാനെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു  മുന്‍കരുതലുകള്‍.മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പ്ലാസ്റ്റിക് കൂടിലാക്കി ജയിലിലെ പച്ചക്കറിത്തോട്ടത്തിനുള്ളിലാണ് സുനിയും സംഘവും ഒളിപ്പിച്ചെന്നു അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലിരുന്നു കോഴിക്കോട് നല്ലളത്തു കാര്‍ യാത്രക്കാരനെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിന്റെ ആസൂത്രണം നടത്തിയെന്നാണു പൊലീസ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനു ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയതു സുനിയാണെന്നും കണ്ടെത്തിയിരുന്നു. അപ്രതീക്ഷിതമായി റെയ്ഡുണ്ടായാല്‍ രക്ഷപ്പെടാനുള്ള മുന്‍കരുതലെന്ന നിലയിലായിരുന്നു  നീക്കം.

ഫോണ്‍ സ്വിച്ച് ഒാഫ്  ചെയ്തു ജയില്‍ വളപ്പിനുള്ളിലെ തോട്ടത്തില്‍ പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് ഒളിപ്പിച്ചെന്നാണു വിവരം. 10 മാസം മുന്‍പു സുനിയുടെ സെല്ലില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ മൂന്നു സ്മാര്‍ട് ഫോണുകളും പവര്‍ബാങ്കുകളും ഡേറ്റ കേബിളുകളും സിം കാര്‍ഡുകളും പിടികൂടിയിരുന്നു. മൂന്നു മാസത്തിനു ശേഷം സബ് കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം വീണ്ടും റെയ്ഡിനു പോയെങ്കിലും ഇവര്‍ക്കു ജയിലിനുള്ളില്‍ പ്രവേശിക്കാനുള്ള അനുമതി ഒരു മണിക്കൂറോളം വൈകിച്ചതു മൂലം വിവരം മണത്തറിഞ്ഞ സുനിയും സംഘവും ഫോണുകള്‍ ഒളിപ്പിച്ചു തടിതപ്പുകയായിരുന്നു. ഈ മാസം 30നകം സുനിയെ ചോദ്യം ചെയ്യാന്‍ ജയിലില്‍ പൊലീസ് സംഘം എത്തിയേക്കുമെന്നാണു വിവരം.