നടുറോഡിൽ കോൺഗ്രസ് നേതാവുമായി വാക്കുതർക്കം; മാധവ് സുരേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, പിന്നീട് വിട്ടയച്ചു

നടുറോഡിൽ കോൺ​ഗ്രസ് നേതാവുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. തിരുവനന്തപുരം ശാസ്തമംഗലത്തെ കെപിസിസി ഓഫീസനടുത്തു വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് മാധവ് തടഞ്ഞത്. വിനോദ് കൃഷ്ണയുടെ വാഹനം തന്റെ വാഹനത്തിൽ ഇടിച്ചുവെന്നായിരുന്നു മാധവ് സുരേഷിന്റെ ആരോപണം. തുടർന്ന് കാർ തടഞ്ഞു നിർത്തി ബോണറ്റിൽ ആഞ്ഞിടിക്കുകയായിരുന്നു താരപുത്രൻ.

ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തർക്കത്തെ തുടർന്ന് ആളുകൂടുകയും ​ഗതാ​ഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. 15 മിനിറ്റോളമാണ് മാധവും വിനോദ് കൃഷ്ണയും വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു വിനോദ് കൃഷ്ണയുടെ ആരോപണം. തുടർന്ന് മാധവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ ബ്രെത്ത് അനലൈസറിൽ മദ്യപിച്ചില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

Read more

വിനോദിനോടും പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. വൈദ്യ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പൊലീസിന്റെ നേതൃത്വത്തിൽ മധ്യസ്ഥചർച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നൽകിയതിനെ തുടർന്നാണ് മാധവിനെ വിട്ടയച്ചത്.