'മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ജോലി അതാണെന്ന് തോന്നിപ്പോവും': സത്യൻ അന്തിക്കാട്

മലയാളി പ്രേക്ഷകർക്ക് ഏറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് ടീം. ഇരുവരുടെയും സിനിമകളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്നവയാണ്. മോഹൻലാലിനെ നായകനാക്കിയുളള സത്യൻ അന്തിക്കാടിന്റെ എറ്റവും പുതിയ ചിത്രം ഹൃദയപൂർവത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ റിലീസിന് മുന്നോടിയായി മോഹൻലാലിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സത്യൻ അന്തിക്കാട്.

മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ, ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്ന് തോന്നിപ്പോവുമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അങ്ങനെയൊരു മാജിക് മോഹൻലാലിന് ഉണ്ടെന്നും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞു. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

Read more

“സന്ദീപ് ബാലകൃഷ്ണനിലേക്ക് എത്തുമ്പോൾ അന്ന് ടി.പി. ബാലഗോപാലനിൽ അഭിനയിക്കാനെത്തിയ മോഹൻലാലിൽ കണ്ട പ്രത്യേകതകളിൽ ഒരു മാറ്റവും ഇല്ലാത്ത, സിൻസിയർ ആയ അപ്രോച്ച് തന്നെയാണ് അദ്ദേഹത്തിനിപ്പോഴും. ക്യാമറയ്ക്ക് മുന്നിൽ ഏറ്റവും നന്നായി ബിഹേവ് ചെയ്യുന്ന അഭിനേതാവാണ് മോഹൻലാൽ. മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും, ലോകത്തിലെ ഏറ്റവും എളുപ്പമായ ജോലി അഭിനയമാണെന്ന്. ഇത് ആർക്കും ചെയ്യാവുന്നതല്ലേ എന്ന് തോന്നി പോകും. അങ്ങനെ ഒരു മാജിക് ഉണ്ട് പുള്ളിക്ക്. അത് ബോധപൂർവ്വം ചെയ്യുന്നതല്ല”, സത്യൻ അന്തിക്കാട് പറഞ്ഞു.