'കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു, ഇനി മടങ്ങിവരവാണ്': കുറിപ്പുമായി ഇബ്രാഹിംകുട്ടി

മെ​ഗാസ്റ്റാർ മമ്മൂട്ടി പൂർണ ആരോ​ഗ്യവാനായി തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. എഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തുന്ന നടന് ആശംസകൾ നേരുകയാണ് സിനിമാലോകവും ആരാധകരും. മമ്മൂട്ടിയുടെ തിരിച്ചുവരവിനെ കുറിച്ച് സഹോദരനും നടനുമായ ഇബ്രാഹിംകുട്ടിയുടെ കുറിപ്പും ഹൃദയത്തിൽ തൊടുന്നതാണ്. കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസമാണ് തനിക്കിപ്പോഴെന്ന് ഇബ്രാഹിംകുട്ടി ഫേസ്ബുക്കിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കുറിച്ചു.

“കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചു മാത്രമായിരുന്നു. സീരിയൽ ചിത്രീകരണത്തിനായുള്ള യാത്രകളിലടക്കം റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വഴികളിലും ചിത്രീകരണ സ്ഥലത്തും എവിടെ പോയാലും ആളുകൾ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഓക്കെയല്ലേ? എന്ന്. അതെ എന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണെന്നും” ഇബ്രാഹിംകുട്ടി കുറിച്ചു.

ഇബ്രാഹിംകുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:

കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചു മാത്രമായിരുന്നു. സീരിയൽ ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകൾ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഓക്കെയല്ലേ? എന്ന്.

അതെ എന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവൻ ഒരാൾക്ക് വേണ്ടി പ്രാർഥിക്കുകയോ. അതെ. ഞാൻ കണ്ട ലോകമെല്ലാം പ്രാർഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു.

അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ. ഓരോ ശ്വാസത്തിലും പ്രാർഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം. ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോൾ ഒരു കടൽ നീന്തിക്കടന്ന ആശ്വാസം.

Read more

നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്..പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി. സ്‌നേഹം, ഇബ്രാഹിംകുട്ടി.