ലൈഫ് പദ്ധതി സര്‍വേ: മന്ത്രിസഭയില്‍ വകുപ്പുകള്‍ തമ്മില്‍ ഭിന്നത

ലൈഫ് പദ്ധതി സര്‍വേയ്ക്ക് മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കത്തെ ചൊല്ലി മന്ത്രിസഭ യോഗത്തില്‍ തര്‍ക്കം. കൃഷിവകുപ്പ് ജീവനക്കാരുടേയും, അധ്യാപകരുടേയും സേവനം തദ്ദേശവകുപ്പിന് വിട്ട് നല്‍കുന്ന വിഷയത്തില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുത്തതോടെയാണ് വകുപ്പുതല മന്ത്രിമാര്‍ തമ്മില്‍ ഭിന്നത ഉണ്ടായത്. മന്ത്രി എം.വി. ഗോവിന്ദന്റെ നിര്‍ദ്ദേശങ്ങളോട് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. പ്രസാദും വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ ഈ വിഷയത്തില്‍ തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

മറ്റ് വകുപ്പുകളിലെ ജീവനക്കാരെ നിയോഗിക്കുന്ന വിഷയത്തില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്. വകുപ്പുകളുമായി ബന്ധപ്പെട്ട ജില്ലാ അധികാരികളുടെ അഭിപ്രായത്തോടെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് സെക്രട്ടറിമാരുടെ അനുമതിയോടെ വേണം ജീവനക്കാരുടെ സേവനം വിട്ടു കൊടുക്കാനെന്ന് കൃഷി- വിദ്യാഭ്യാസ വകുപ്പുകള്‍ നിര്‍ദ്ദേശിച്ചു.

വകുപ്പുകളിലെ ജോലിയും ഓരോ സമയത്തെ തിരക്കും കണക്കിലെടുത്ത് ആയിരിക്കണം ജീവനക്കാരെ നിയോഗിക്കാനെന്ന മന്ത്രി ശിവന്‍കുട്ടിയുടെ അഭിപ്രായത്തിന് മന്ത്രി പി. പ്രസാദും പിന്തുണ അറിയിച്ചു. 2018-ലെ പ്രളയ സമയത്തെ ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ലൈഫ് സര്‍വേയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവ് ഇറക്കിയതെന്ന് പ്രസാദ് പറഞ്ഞു.

എന്നാല്‍ ജീവനക്കാരെ വിന്യസിക്കാന്‍ സെക്രട്ടറിമാരുടെ അനുമതി വേണം എന്നതിനോട് യോജിക്കാനാവില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത് തദ്ദേശവകുപ്പിന്റെ പ്രാധാന്യം കുറയ്ക്കും. അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി കിട്ടിയ അധികാരം വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര മാസത്തോളമായി വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. കൃഷി വകുപ്പിലെ ജീവനക്കാരെ നിയോഗിച്ചതിന് പിന്നാലെ ഹാജരാകാതെ വന്നവരെ തദ്ദേശസ്ഥാപന അദ്ധ്യക്ഷര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് കൃഷി ഡയറക്ടര്‍ ഇത് കൃഷിവകുപ്പ് ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന ഉത്തരവ് ഇറക്കിയതോടെയാണ് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമായി മാറിയത്.