കെ.പി.സി.സി ഭാരവാഹി നിർണയത്തിലും ഗ്രൂപ്പുകളെ പടിക്ക് പുറത്ത് നിര്‍ത്താൻ നീക്കം; ഗ്രൂപ്പുകളുടെ താത്പര്യങ്ങൾക്ക് വഴങ്ങേണ്ടെന്ന് നേതൃത്വം

ഡിസിസി അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചതിന് പിന്നാലെ സമാന രീതിയിൽ  കെപിസിസി, ഡിസിസി ഭാരവാഹികളെ തീരുമാനിക്കാൻ നീക്കം.  ഭാരവാഹികളെ നിശ്ചയിക്കുന്നതിലും എ, ഐ ഗ്രൂപ്പുകളുടെ താത്പര്യങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താനാണ് നീക്കം. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടുമെങ്കിലും പൂര്‍ണമായും വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം.

ഡിസിസി അദ്ധ്യക്ഷന്‍മാരെ തീരുമാനിച്ചപ്പോള്‍ ചെയ്തത് പോലെ എ, ഐ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന മുതിര്‍ന്ന നേതാക്കളില്‍ നിന്നും പാനല്‍ വാങ്ങാനാണ് കെ സുധാകരനും വി ഡി സതീശനും അടങ്ങുന്ന നേതൃത്വത്തിന്‍റെ ആലോചന. ഗ്രൂപ്പ് താത്പര്യങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നീക്കങ്ങളും ഉണ്ടാവും.

കേരളത്തിലെ സംഘടനാ സംവിധാനത്തെയാകെ തകര്‍ത്തത് ഗ്രൂപ്പ് ഇടപെടലുകളാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തലും. ഘട്ടംഘട്ടമായി ഗ്രൂപ്പുകളുടെ ശക്തി കുറയ്ക്കണമെന്നാണ് ഹൈക്കമാന്‍ഡിന്‍റെയും ആഗ്രഹം. അതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് കെപിസിസി നേതൃത്വം കരുതുന്നത്.

Read more

അതിനിടെയാണ് സംസ്ഥാനത്ത് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുയര്‍ത്താന്‍ ഗ്രൂപ്പുകളുടെ നീക്കം. താഴേത്തട്ട് മുതലുള്ള ശക്തി തങ്ങള്‍ക്കാണെന്ന നിലപാടിലാണ് ഗ്രൂപ്പുകള്‍. നിലവിലെ കാറുംകോളും കെട്ടടങ്ങി കഴിഞ്ഞായിരിക്കും ഹൈക്കമാന്‍ഡിന് മുന്നില്‍ ഈ ആവശ്യം ഉയര്‍ത്തുക.