വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന കോട്ട സംവിധാനത്തെ അവസാനിപ്പിച്ചിരിക്കുന്നുവെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്

വളരെക്കാലമായി വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന “ഏകാധിപത്യ കോട്ട സംവിധാനത്തിന് അന്ത്യം കുറിച്ചെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍. 18 വര്‍ഷത്തിനു ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്.

ഏറെക്കാലമായി വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടികള്‍ക്കു വിദ്യാര്‍ഥികളെ എത്തിച്ചു കൊടുക്കുന്നതിനായി സൃഷ്ടിച്ചെടുത്തതാണ് ഈ കോട്ട സംവിധാനമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ അമല്‍ ആരോപിച്ചു. കലാലയത്തെ സര്‍ഗാത്മക സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും കേന്ദ്രമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും അമല്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് സെക്രട്ടേറിയറ്റിനു മുന്നിലുള്ള സമരപ്പന്തലില്‍ ഇരുന്ന് സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതായി അറിയിക്കുന്നത്. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. 18 വര്‍ഷത്തിനുശേഷമാണ് ഇവിടെ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്.

അമല്‍ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരത്തിന്റെ രാജകീയ കലാലയമായ യൂണിവേഴ്സിറ്റി കോളേജില്‍ KSU യൂണിറ്റ് രൂപീകരിച്ചിരിക്കുകയാണ്. ഏറെകാലമായി വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മചെയ്തുകൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥികളെ എത്തിച്ചുകൊടുക്കുന്നതിനായി സൃഷ്ടിച്ചെടുത്ത ഏകാധിപത്യ “കോട്ട സംവിധാനം” അവസാനിപിക്കുകയാണ്. കലാലയത്തെ സര്‍ഗാത്മക സംവാദങ്ങളുടേയും ചര്‍ച്ചകളുടേയും കേന്ദ്രമാക്കി മാറ്റി ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം.

എസ്.എഫ്.ഐ ഇതര പുരോഗമന മതേതര ജനാധിപത്യ സംഘടനകളുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഇവിടെ ഭയം കൂടാതെ പഠിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അവസരങ്ങള്‍ നിങ്ങള്‍ നിരന്തരമായി സൃഷ്ടിച്ചുകോണ്ടിരിക്കുമ്പോള്‍ അത് മുതലെടുക്കുകയല്ല. മറിച്ച് പൊതുസമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും ജനാധിപത്യത്തിന്റെയും താല്‍പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതാണ് ഏതൊരു വ്യക്തിയുടേയും ഉത്തരവാദിത്വം. ഇത് നമ്മുടെ കോളേജിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ ശ്രീ ബാലചന്ദ്ര മേനോന്‍ സര്‍ അടക്കമുള്ളവരുടെ ഉപദേശങ്ങളെ മാനിച്ചുകൊണ്ടുതന്നെയാണ്.

Read more

ഒരുപാട് തെറ്റുകള്‍ക്കൊടുവില്‍ സഖാവായ സഹപാഠിയുടെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കിയ ഭീകരതക്കപ്പുറം “തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്ന്” പറയുന്നവരോട് നിങ്ങള്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്ന് ആര്‍ജ്ജവത്തോടെ പറയാനും, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ തടയാനുമാകും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കുന്നത്.