ജോളിയുമായി സൗഹൃദം, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയി; കൊലയില്‍ പങ്കില്ലെന്ന് ജോണ്‍സണ്‍

കൂട്ടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളിയുമായി സൗഹൃദമുണ്ടെന്ന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സണ്‍. ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്ന് മൊഴി നല്‍കി.

ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തി.

എന്നാല്‍ കൊലപാതകത്തല്‍ തനിക്ക് പങ്കില്ല ജോണ്‍സണ്‍ പറഞ്ഞു. ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജ കത്തുണ്ടാക്കി കോടഞ്ചേരി സെന്റ് മേരീസ് പള്ളിയെ കബളിപ്പിച്ചെന്നും ജോണ്‍സണ്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. വിവാഹത്തിന് കൂടത്തായി ലൂര്‍ദ് മാതാ പള്ളി വികാരി കത്ത് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് പള്ളിയില്‍ നിന്ന് ലെറ്റര്‍പാഡ് മോഷ്ടിക്കുകയായിരുന്നു. ഇതിലാണ് വ്യാജ കത്തുണ്ടാക്കിയത്.

ജോളിയുമായി പണമിടപാടുകള്‍ ഇല്ലെന്നും എന്നാല്‍ പലപ്പോഴായി സ്വര്‍ണം പണയം വെയ്ക്കാനായി വാങ്ങിയിട്ടുണ്ടെന്നും ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട് എന്നറിയുന്നു. അറസ്റ്റിലാകും മുമ്പ് ജോളിയുടെ മൊബൈല്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫോണ്‍ കോള്‍ വന്നത് ജോണ്‍സന്റെ ഫോണിലേക്കായിരുന്നു.