അങ്ങനെയുള്ളവര്‍ മതം വിട്ട് പോകട്ടെ; അഡ്വ. ഷുക്കൂര്‍- ഷീന ദമ്പതികള്‍ക്ക് എതിരെ കെ.എം ഷാജി

സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂര്‍-ഷീന ദമ്പതികള്‍ക്കെതിരെ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. ഷുക്കൂര്‍ വക്കീലിന്റെ വിവാഹത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും ഷാജി വിമര്‍ശിച്ചു. വാഫി വഫിയ അലുമിനി അസോസിയേഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കവേയാണ് ഷാജി പ്രതികരിച്ചത്.

അതേസമയം ഈ വിഷയത്തില്‍ ലീഗ് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ‘പ്രതികരണം അര്‍ഹിക്കുന്ന ഒന്നായി വിവാഹത്തെക്കുറിച്ച് തോന്നിയിട്ടില്ല. മാധ്യമ ശ്രദ്ധ കിട്ടാനുള്ള ചെറിയ ഏര്‍പ്പാടായിട്ടേ തോന്നിയിട്ടുള്ളൂ. അതിലൊന്നും പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇസ്ലാമിക പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച് ലീഗല്ല, പണ്ഡിത സമൂഹമാണ് പറയേണ്ടത്.’ എന്നായിരുന്നു സാദ്ദിഖലി തങ്ങള്‍ പ്രതികരിച്ചത്. അതേസമയം മത സംഘടനകളുടേയും മത പണ്ഡിതരുടേയും ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനമാണ് വിഷയത്തില്‍ ഉയര്‍ന്നത്.

Read more

മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ദമ്പതികള്‍ പെണ്‍മക്കളുടെ അവകാശ സംരക്ഷണത്തിനായാണ് വിവാഹിതരായത്. ദാമ്പത്യ ജീവിതം 29-ാം വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ദമ്പതികള്‍ വീണ്ടും വിവാഹിതരായത്.