കേരളം വെന്തുരുകുന്നു; താപനില ശരാശരിയേക്കാള്‍ നാല് ഡിഗ്രി ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Advertisement

അതികഠിനമായ തണുപ്പ് മാറി കേരളത്തില്‍ ഇപ്പോള്‍ അസഹനീയമായ ചൂടാണ്. ഓരോ ദിവസവും വെന്തുരുകുന്ന ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് താപനില ശരാശരിയേക്കള്‍ നാലുഡിഗ്രിക്കുമേല്‍ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

മലബാറിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. കുറഞ്ഞ താപനിലയിലും ഗണ്യമായ വര്‍ധനയുണ്ടാകും. ഒന്ന് ദശാംശം ആറ് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുറഞ്ഞ താപനിലയില്‍ പ്രതീക്ഷിക്കുന്ന വ്യതിയാനം. അതിനാല്‍ രാത്രിയിലും ചൂട് കൂടും. സൂര്യാതാപം ഏല്‍ക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

വേനല്‍ച്ചൂട് ഓരോ ദിവസവും കൂടി വരുന്നതിനാല്‍ സംസ്ഥാനത്തെ കിണറുകളും പുഴകളുമെല്ലാം വറ്റിക്കഴിഞ്ഞു. ജലസ്‌ത്രോസ്സുകളെല്ലാം വറ്റിയതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകായണ്. കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങി.

നേരത്തെ, സംസ്ഥാനത്ത് വേനല്‍ച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ സമയം രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ ആയിരിക്കും. ഉച്ചക്ക് 12.00 മണി മുതല്‍ വൈകുന്നേരം മൂന്നു വരെ ഇവര്‍ക്ക് വിശ്രമ സമയമായിരിക്കും.

രാവിലെയുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളവ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.