ഇന്നലെയും മരുന്ന് എത്തിയില്ല; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല.

ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലാണ മരുന്നിന് ക്ഷാമം നേരിട്ടത്. ഇന്ന് മരുന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. 20 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്‍കുന്നു. ഇന്നലെ വൈകുന്നേരത്തോടെ മരുന്ന് എത്തിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. 50 വയല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമാണ് എത്തിയത്. ലൈപോസോമല്‍ ആംഫോടെറിസിനും 50 വയലെങ്കിലും അടിയന്തരമായി വേണമെന്നാണ് അധികൃതര്‍ പറയുന്നത്.

Read more

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 4300 ഡോസ് മരുന്നിന് ഇന്നലെ ഓർഡർ നല്‍കിയിരുന്നു. 150 ഡോസ് ഇഞ്ചക്ഷന്‍ ഇന്ന് എത്തുമെന്നാണ് കരുതുന്നത്. ഇത് ലഭിച്ചാല്‍ മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.