ഇടത് അനുകൂല ഓഫീസര്‍മാരുടെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണി; നേതാക്കളെ താക്കീത് ചെയ്ത് മുഖ്യമന്ത്രി

സെക്രട്ടേറിയറ്റില്‍ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തിയ ഇടതുസംഘടനകളുടെ പ്രവൃത്തിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. ഭീഷണിപ്പെടുത്തിയ സംഘടനാ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തു. ഭരണ നടപടികള്‍ സുതാര്യമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പാര്‍ട്ടിനേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

സെക്രട്ടറിയേറ്റില്‍ ഭരണപരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടത് അനുകൂല ഓഫീസര്‍മാരുടെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നു ഇടതു സംഘടനകള്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. കെ.എ.എസ് നടപ്പാക്കാനും, പഞ്ചിംഗ് കര്‍ശനമാക്കാനും ഇ ഫയല്‍ സംവിധാനം നിലവില്‍ വന്നശേഷം ജോലിയില്ലാതെയായ തസ്തികകള്‍ പുനര്‍വിന്യസിക്കാനും പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇവര്‍ നോട്ടീസിലൂടെ ഭീഷണി സന്ദേശം അറിയിച്ചത്.

പല സര്‍ക്കാരുകളായി നടത്താന്‍ ശ്രമിച്ച പഞ്ചിംഗ് സംവിധാനം സംഘടനകള്‍ ഇടപെട്ട് അട്ടിമറിക്കുകയുണ്ടായി. എന്നാല്‍ നടപ്പിലായപ്പോള്‍ സംഘടനയുടെ പേരു പറഞ്ഞു നടന്നവര്‍ക്ക് നേരത്തേ പിടി വീണിരുന്നു. ഓഫീസില്‍ ഹാജരാകാതെ അടുത്ത ദിവസങ്ങളില്‍ വന്ന് ഒപ്പിടുകയും ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയ്ക്കും കുറവുണ്ടായിരുന്നു.

Read more

സ്വന്തം സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കിയതിനെ കളിയാക്കി കോണ്‍ഗ്രസ് അനുകൂല സംഘടനയും രംഗത്തു വന്നിരുന്നു