കാസർഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; സഹ അധ്യാപകൻ കസ്റ്റഡിയിൽ

കാസർഗോഡ് മഞ്ചേശ്വരത്തെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ബക്കറ്റിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അദ്ദേഹത്തിന്റെ ഡ്രൈവറായിട്ടുള്ള നിരഞ്ജന്‍ എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പം അദ്ദേഹത്തിന്റെ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ അധ്യാപകന്‍ അധ്യാപികയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അധ്യാപിക മുങ്ങിമരിച്ചതാകാമെന്നാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. തലയിലെ മുടി മുഴുവന്‍ കൊഴിഞ്ഞു പോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

Read more

ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍ത്താവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നത്.