തട്ടിപ്പിനിരയായ എല്ലാ ബാങ്കുകളിലെയും നിക്ഷേപകര്‍ക്ക് കേരളബാങ്കില്‍ നിന്നും പണം നല്‍കണം; സര്‍ക്കാര്‍ സഹകാരികളുടെ കണ്ണില്‍പ്പൊടിയിടുന്നുവെന്ന് ബിജെപി

കരുവന്നൂര്‍ ബാങ്കിലെ പോലെ കണ്ടല സഹകരണ ബാങ്കിലെ ഉള്‍പ്പെടെ തട്ടിപ്പിനിരയായ എല്ലാ നിക്ഷേപകര്‍ക്കും കേരള ബാങ്കില്‍ നിന്നും പണം കൊടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ ഇപ്പോള്‍ സഹകാരികളുടെ കണ്ണില്‍പ്പൊടിയിടുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ ഉന്നതര്‍ നടത്തിയ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്. മന്ത്രി വാസവന്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്.

തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പദയാത്രയുടെ വന്‍വിജയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. പദയാത്രയില്‍ സഹകാരികളും സിപിഎം-കോണ്‍ഗ്രസ് അണികളും പങ്കെടുത്തത് ബിജെപിയിലുള്ള വിശ്വാസം കൊണ്ടാണ്. കരുവന്നൂരില്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് വേണ്ടിയാണ് സുരേഷ് ഗോപി 18 കിലോമീറ്റര്‍ നടന്നത്. ബിജെപി ഈ വിഷയം മാനുഷികമായിട്ടാണ് കാണുന്നത്. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും സഹകാരികളുടെ ജീവിത പ്രശ്‌നത്തെ രാഷ്ട്രീയമായി മാറ്റാനാണ് ശ്രമിക്കുന്നത്.

സഹകരണ സംരക്ഷണ പദയാത്രയ്ക്ക് ശേഷമുള്ള സഹകരണമന്ത്രിയുടേയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും പ്രസ്താവനകള്‍ അവരുടെ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ്. സഹകരണ മേഖല സുതാര്യമാക്കാനുള്ള ബിജെപിയുടെ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും.

Read more

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് പൊലീസ് അന്വേഷിക്കാത്തത് സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിന്റെ തെളിവാണ്. മാവേലിക്കര ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പ് ഒതുക്കിതീര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പ്രത്യുപകാരമായി കണ്ടലയിലും കരുവന്നൂരിലും കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.