കണ്ണൂർ ജില്ലാ കോൺഗ്രസ് ഓഫീസ് ഉദ്‌ഘാടനം; പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി നിർമ്മിച്ച ആസ്ഥാന മന്ദിരോദ്‌ഘാടനത്തിന് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ക്ഷണിച്ചതിന് ഹൃദയപൂർവ്വം നന്ദി രേഘപ്പെടുത്തുന്നുവെന്നും ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ആഗ്രഹിച്ചെങ്കിലും അവസാന നിമിഷം കഴിയാതെ വന്നിരിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ സതീശൻ പാച്ചേനിക്ക് അയച്ച കത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് മഹത്വമേറിയ ഒരു കഴിഞ്ഞ കാലമുണ്ട് ആദർശ നിഷ്ഠയുള്ളവരും ആത്മാഭിമാനികളും സത്യസന്ധരും സംഘടനയ്ക്ക് വേണ്ടി സർവ്വം സമർപ്പിക്കാൻ തയ്യാറായവരുമായ ആയിരങ്ങൾ പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനം. രക്തവും വിയർപ്പും ഈ പ്രസ്ഥാനത്തിന് വേണ്ടി ചൊരിഞ്ഞ ആ ധീരയോദ്ധാക്കൾ നമുക്ക് മാതൃകകളാണെന്നും കണ്ണൂരിലെ കോൺഗ്രസ് ഭവൻ അവർക്കുള്ള ശാശ്വത സ്മാരകമായിരിക്കട്ടെ എന്നും മുല്ലപ്പള്ളി കത്തിൽ പറഞ്ഞു.

ആശയ വ്യക്തതയും നിശ്ചയ ധാർഢ്യവും ഉള്ളവരാണ് യഥാർത്ഥ കോൺഗ്രസുകാർ പ്രതിസന്ധി ഘട്ടങ്ങളിൽ കാറ്റും കോളും നിറഞ്ഞ കടലിലൂടെ പാർട്ടിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് അവരാണ്. കോൺഗ്രസ് ഭവൻ യാഥാർഥ്യമാക്കാൻ രാപ്പകൽ ഓടി നടന്ന മുഴുവൻ പ്രവർത്തകരെയും നേതാക്കന്മാരെയും താൻ വിനയാന്വിതനായി ഓർക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ ഇന്ന് രാഹുൽ ഗാന്ധി എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് തന്നെ രണ്ടാമത്തെ വലിയ കോൺഗ്രസ് മന്ദിരമാണ് തളാപ്പ് പാമ്പൻ മാധവൻ റോഡിൽ യാഥാർത്ഥ്യമാകുന്നത്.